ബെർലിൻ: മറ്റ് രാജ്യങ്ങളിലേക്കുള്ള കണക്റ്റിംഗ് വിമാനയാത്രകൾക്കായി ജർമനി വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വീസ (Airport Transit Visa/Type A Schengen Visa) ആവശ്യമില്ല.
ജർമൻ സർക്കാരിന്റെ പുതിയ തീരുമാനം ജൂൺ മൂന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഈ മാറ്റത്തോടെ ഇന്ത്യൻ യാത്രക്കാർക്ക് ട്രാൻസിറ്റ് വീസ ഫീസിനായി ചെലവഴിക്കേണ്ടിരുന്ന ഏകദേശം 90 യൂറോ (ഏകദേശം ₹8,500) വരെ ലാഭിക്കാനാകും.
ഈ വർഷം ജനുവരിയിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തിയ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ വീസ ഇളവ് അനുവദിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് മുമ്പ് ഫ്രാൻസും ഇന്ത്യൻ യാത്രക്കാർക്കുള്ള സമാന ട്രാൻസിറ്റ് വീസ നിബന്ധനകൾ ഇളവുനൽകിയിരുന്നു.
ലുഫ്താൻസയും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള വിമാന സർവീസുകൾ ഉപയോഗിച്ച് യുകെ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ഈ തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ഇതിലൂടെ കൂടുതൽ കുറഞ്ഞ നിരക്കിലുള്ള കണക്റ്റിംഗ് ടിക്കറ്റുകൾ തെരഞ്ഞെടുക്കാനും അവസരം ലഭിക്കും.
ട്രാൻസിറ്റ് വീസ ഇളവ് ലഭിക്കാൻ പാലിക്കേണ്ട നിബന്ധനകൾ
ജർമൻ അധികൃതർ ചില നിർണായക നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ പാലിക്കാത്ത പക്ഷം യാത്ര തടസപ്പെടാൻ സാധ്യതയുണ്ട്.
ആദ്യമായി, യാത്രയുടെ അന്തിമ ലക്ഷ്യസ്ഥാനം ഷെൻഗൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യമാകണം. ഇന്ത്യയിൽ നിന്ന് ജർമനി വഴി യുകെ, അമേരിക്ക, കാനഡ തുടങ്ങിയ നോൺ-ഷെൻഗൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.
അതേസമയം, ജർമനിയിൽ നിന്ന് ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ മറ്റ് ഷെൻഗൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് സാധാരണ ഷെൻഗൻ വീസ നിർബന്ധമായിരിക്കും.
കൂടാതെ, ജർമൻ വിമാനത്താവളത്തിലെ ട്രാൻസിറ്റ് സമയം 24 മണിക്കൂറിൽ താഴെയായിരിക്കണം. യാത്രക്കാർ അന്താരാഷ്ട്ര ട്രാൻസിറ്റ് സോണിന് പുറത്തേക്ക് പോകാനോ വിമാനത്താവളത്തിന് പുറത്തുള്ള താമസസൗകര്യങ്ങൾ ഉപയോഗിക്കാനോ പാടില്ല.
വീസയില്ലാത്ത ട്രാൻസിറ്റ് അനുവദിക്കുന്ന അഞ്ച് വിമാനത്താവളങ്ങൾ
ജർമനിയിലെ എല്ലാ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര ട്രാൻസിറ്റ് സൗകര്യം ലഭ്യമല്ല. താഴെ പറയുന്ന അഞ്ച് വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.
- ഫ്രാങ്ക്ഫർട്ട് വിമാനത്താവളം - 24 മണിക്കൂറും ട്രാൻസിറ്റ് സൗകര്യം
- മ്യൂണിക്ക് വിമാനത്താവളം - 24 മണിക്കൂറും ട്രാൻസിറ്റ് സൗകര്യം
- ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളം - 24 മണിക്കൂറും ട്രാൻസിറ്റ് സൗകര്യം
- ഡ്യൂസൽഡോർഫ് വിമാനത്താവളം - രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ
- ഹാംബർഗ് വിമാനത്താവളം - പുലർച്ചെ 4.30 മുതൽ രാത്രി 11.30 വരെ
ഡ്യൂസൽഡോർഫ്, ഹാംബർഗ് വിമാനത്താവളങ്ങൾ വഴി രാത്രിസമയങ്ങളിലെ കണക്റ്റിംഗ് വിമാനങ്ങളുള്ളവർ യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു ട്രാൻസിറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
നിലവിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, നൈജീരിയ എന്നിവ ഉൾപ്പെടെയുള്ള 19 രാജ്യങ്ങളിലെ പൗരന്മാർക്ക് ജർമനിയിൽ ട്രാൻസിറ്റ് വീസ നിർബന്ധമാണ്.
ഇന്ത്യയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്.
ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പുതിയ വീസ ചട്ടങ്ങൾ
ഇന്ത്യയിൽ തുടർച്ചയായി 180 ദിവസത്തിലധികം താമസിക്കാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാർക്കുള്ള വിസ നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം, 180 ദിവസത്തിലധികം ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ആറുമാസ കാലാവധി പൂർത്തിയാകുന്നതിന് 14 ദിവസം മുമ്പ് നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഇനി വീസ കാലാവധി നീട്ടിനൽകുകയുള്ളൂ. ഓരോ പ്രവേശനത്തിലും പരമാവധി 180 ദിവസത്തെ താമസാനുമതിയുള്ള വീസ കൈവശമുള്ളവർ ഈ വ്യവസ്ഥ കൃത്യമായി പാലിക്കേണ്ടതാണ്.
വിദേശ പൗരത്വമുള്ള മാതാപിതാക്കളുള്ള കുട്ടികൾക്ക് ഇളവ്
മാതാപിതാക്കളിൽ ഒരാൾ വിദേശ പൗരനായ കുട്ടികളെ സംബന്ധിച്ച മുൻകാല ചട്ടങ്ങളിലും സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻപ്, അത്തരത്തിലുള്ള കുട്ടികൾ ജനിച്ച് 30 ദിവസത്തിനകം രജിസ്ട്രേഷൻ ഓഫീസറെ വിവരം അറിയിക്കേണ്ടതായിരുന്നു. എന്നാൽ പുതിയ ചട്ടപ്രകാരം, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും ആ വ്യക്തി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെന്നും ആയാൽ ഈ നിർബന്ധം ബാധകമാകില്ല.
എന്നാൽ, കുട്ടി ഇന്ത്യയിൽ കഴിയുന്ന സമയത്തോ മറ്റേതെങ്കിലും സാഹചര്യത്തിലോ വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ, അതുസംബന്ധിച്ച വിവരം മാതാപിതാക്കൾ നിർബന്ധമായും രജിസ്ട്രാറിനെ അറിയിക്കണമെന്ന് പുതിയ ചട്ടം വ്യക്തമാക്കുന്നു.